Thursday, December 29, 2011

ചോദ്യമോ…………….? സംശയമോ………….?

ഫാത്തിമ രഹ്ന (VII.D )
(കൊടുവള്ളി സബ്ജില്ല കലോത്സവത്തില്‍  ഒന്നാം സ്ഥാനം നേടിയ  ചെറുകഥ) 


മുകളിലത്തെ  വെളളപുതപ്പ്  തണുപ്പിനായ്  വഴി മാറി.  പ്രകാശിക്കുന്ന  മാമൻ  ഇലകളിലൂടെ  ഒളി കണ്ണിട്ടു. ഇരുണ്ട ഭൂമിയിലേക്ക് കൃത്രിമ പുഞ്ചിരിയും വരുത്തിക്കൊണ്ട് അത് കണ്ണിനൊപ്പമുളള സഞ്ചാരം തുടങ്ങി. നിലം പതിച്ച മഴവെളളത്തിലും ഇരുണ്ട പുതപ്പിലും ഒരേ സമയം മാമനെ കാണുന്നതെന്തു കൊണ്ട്?  അനുവാദം ചോദിക്കാതെ  അയാളുടെ മനസ്സിലേക്ക് ചോദ്യം കടന്നുചെന്നു. നിലം പതിക്കാതെ അമ്പിളി എങ്ങനെയാണ് മുകളിൽ നിൽക്കുത്? മഴ പെയ്യുമ്പോൾ  എന്തു കൊണ്ടത് മഴക്കൊപ്പം നിലം പതിക്കുന്നില്ല?ചോദ്യം അയാളോട് മത്സരിച്ചു. ചോദ്യങ്ങളും സംശയങ്ങളും  അയാൾക്കൊരു ഹരമാണ്. പലപ്പോഴും  അയാൾ ചോദ്യങ്ങളോട്  തോറ്റു പിൻമാറാറുണ്ട്. ജീവിതത്തോട് മത്സരിച്ചു തോറ്റയാൾ പിന്നെ എങ്ങനെ ചോദ്യത്തോട്  തോൽക്കാതിരിക്കും! എല്ലാവരും ഉപേക്ഷിച്ചു പോയ അയാൾക്ക് ബന്ധമെന്നും  സ്വന്തമെന്നും പറയാൻ ബാക്കി കിടക്കുന്നത് കുറെ സംശയങ്ങളും ചോദ്യങ്ങളും മാത്രം.
                           
                         ജീവിതം  അയാൾക്കൊരു പേടി സ്വപ്നമാണ്. ദുഃഖങ്ങളും, സങ്കടങ്ങളും നിറഞ്ഞ ജീവിതം  പിശാചായ്   വേഷം മാറുന്നതു പോലെ അയാൾക്ക്  തോന്നാറുണ്ട്.  ചോദ്യങ്ങൾ അയാളോടു വിട പറഞ്ഞതു പോലെയായി. പിന്നെ പ്പോഴോ  അയാൾ സ്വന്തം ജീവിതത്തെ കുറിച്ചോർത്തു പോയി. പണത്തോടു മത്സരിച്ചാൽ ആർക്കും ജയിക്കാം. എന്നാൽ സ്നേഹത്തോടു മത്സരിച്ചാൽ  ജയിക്കാൻ കഴിയില്ലെന്നു മനസ്സ് അയാളോട്  മന്ത്രിച്ചു. അയാളോർത്തു അയാളുടെ കഴിഞ്ഞ ജീവിതം.
                        പണം കൊടുത്ത് സ്‌നേഹം നേടാൻ കഴിയും. എന്നാൽ ആ പണത്തോടൊപ്പം  സ്‌നേഹവും  നശിക്കുമെ മനസ്സിലാക്കാൻ ഞാൻ വൈകി.  പണത്തോടുളള മത്സരം എന്നെ ഹരം പിടിപ്പിച്ചു. അതിരറ്റ് മകനെ സ്‌നേഹിച്ചിരുന്ന  അമ്മയുടെ സ്‌നേഹം കപടമായി തോന്നി . പണം കണ്ട് കപട സ്‌നേഹം നടിച്ചവരുടേത്  യഥാർത്ഥമായി തോന്നി . എല്ലാ സ്ഥലങ്ങളിലും എല്ലാവർക്കും ജയിക്കാൻ സാധ്യമാകില്ലെന്നു   ജീവിതം തന്നെ പഠിപ്പിച്ചു. ആ പാഠം ഘട്ടങ്ങളായി നീണ്ടു നി ന്നു . എല്ലാ ഘട്ടങ്ങളിലും ഞാൻ തോറ്റു.  രോഗത്തോടും കപട സ്‌നേഹത്തോടും എല്ലാം ഞാൻ തോൽവി സമ്മതിച്ചു. പണം എന്നിൽ നിന്നും അകലം പാലിച്ചപ്പോൾ ഭാര്യയും മക്കളും താന്നോട് അതിനെക്കാൾ കൂടുതൽ അകലം പാലിച്ചു. പണം പൂർണ്ണമായും നഷ്ടമായതിൽ പിന്നെ അവരെ ഒരു നോക്കു കാണാൻ തനിക്ക് കഴിഞ്ഞില്ല. ഇനി ഇതും ആലോചിച്ച് ഇരുന്നിട്ട് കാര്യമില്ല. തന്നെ  ന്സ്‌നേഹിക്കാൻ ആരുമില്ല. യഥാർത്ഥത്തിൽ തന്നെ സ്‌നേഹിച്ച അമ്മയും തന്നോടിപ്പോൾ വെറുപ്പ് കാണിക്കുന്നുണ്ടാവും.                                                                                                               പിറകിൽ നിന്നുളള വിളിയോടൊപ്പം ചോദ്യവും അയാളുടെ  മനസ്സിലേക്ക്  കാലെടെത്തു വെച്ചു.  വിളി അയാൾ ശ്രദ്ധിച്ചു. എന്തായാലും  വിളിയിൽ സ്‌നേഹം സ്ഥാനമുറപ്പിച്ചിട്ടുണ്ട്. പാപിയായ തന്നെ  ആരു സ്‌നേഹിക്കാൻ. തലക്കൊപ്പം കൃഷ്ണമണികൾ വിളിയോടടുത്തു. പുറകിലുളള ആളെ കണ്ട് അയാൾ അത്ഭുതപ്പെട്ടു . അമ്മ! തന്റെ സ്വന്തം അമ്മ .ഒരു നിമിഷത്തേക്ക്  ഇരു വായകളും ചലിച്ചില്ല. കണ്ണുകൾ നേർക്കു നിന്നു . കുറ്റബോധത്താൽ  അയാളുടെ കൃഷ്ണ മണികൾ വെളളത്തിൽ മുങ്ങി. പെയ്യുന്ന  മഴയിൽ  കലർന്നു അവ നിലം പതിച്ചു. ''മോനെ, നിന്നെ ഇപ്പോഴെങ്കിലും കാണാൻ ഈ അമ്മയ്ക്ക്   കഴിഞ്ഞല്ലോ…………… ഒരു തെറ്റ്, ആർക്കും സംഭവിക്കാം എന്നാല്‍  തെറ്റും ശരിയുമെന്താണെന്നു   നീ തിരിച്ചറിഞ്ഞല്ലോ. കഴിഞ്ഞതെല്ലാം ഒരു  ദുഃസ്വപ്നം പോലെ മറന്നേക്കു . നിന്നെ സ്‌നേഹിക്കാൻ  ഈ അമ്മയുണ്ട്.'' അയാൾ അമ്മയുടെ മുഖത്തേക്ക് നേക്കി. സ്‌നേഹം  കവിളുകളിൽ  തങ്ങി നിൽക്കുതു പോലെ അയാൾക്ക് തോന്നി . അമ്മയെ താൻ ഇത്രയും വെറുപ്പിച്ചിട്ടും  എന്തു കൊണ്ട് അമ്മ തന്നെ അതിരില്ലാതെ സ്‌നേഹിക്കുന്നു ?. മനസ്സിലേക്ക് കടന്നുവന്നത്   ഒരു ചോദ്യമോ, സംശയമോ  എന്നു നിശ്ചയമില്ലാതെ അയാൾ നിന്നു . നിലം പതിച്ച  മഴവെളളത്തിൽ കാണുന്ന  മാമനെയും നോക്കി കൊണ്ട് .…


1 comment:

പൊട്ടന്‍ said...

ഏഴില്‍ പഠിക്കുന്ന ഈ കുരുന്ന് ഞെട്ടിപ്പിച്ചു കളഞ്ഞു. വല്യ പ്രതിഭയുടെ മിന്നലാട്ടം പല വരികളിലും. വല്യ കഥാകാരിയായി വളര്‍ന്നു വരാന്‍ ഈ അമ്മാവന്‍റെ ആശംസകള്‍..

കഥ ഒരുപാട്....ഒരുപാട്.... ഇഷ്ടമായി.

01-06-2021